കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ സ്റ്റാൻഡിംഗ് കമ്മിറ്റി വിഭജനം സംബന്ധിച്ച് മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഇതുപ്രകാരം മുൻകാലങ്ങളിൽ നിന്ന് അധികമായി ഒരു ചെയർപേഴ്സൺ സ്ഥാനം കൂടി രണ്ടര വർഷത്തേക്ക് ലീഗിന് നൽകാൻ ധാരണയായി. ആദ്യ രണ്ടര വർഷത്തിനുശേഷം ഇത് കോൺഗ്രസിന് നൽകണമെന്നാണ് ധാരണ. ഇന്നലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നു. ചെയർപേഴ്സൺമാരുടെ തെരഞ്ഞെടുപ്പ് ഒന്‍പതിന് നടക്കും.
മേയർസ്ഥാനം പങ്കിട്ടുള്ള കഴിഞ്ഞ ഭരണസമിതിയിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺകൂടിയായ ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് പുറമേ രണ്ട് ചെയർപേഴ്സൺ സ്ഥാനങ്ങളായിരുന്നു ലീഗിനുണ്ടായിരുന്നത്. ഇത്തവണ ഡെപ്യൂട്ടി മേയർ സ്ഥാനത്തിനൊപ്പം മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. എന്നാൽ കോൺഗ്രസ് ഇതിന് തയാറായിരുന്നില്ല. പലതവണ ചർച്ചകൾ നടത്തിയിട്ടും എവിടെയുമെത്താതെ യോഗം അലസിപ്പിരിയുകയായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ കെ. സുധാകരന് എംപിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. തുടർന്ന് ചൊവ്വാഴ്ച രാത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സമവായം രൂപപ്പെട്ടത്
മേയർ സ്ഥാനം പങ്കിടുന്നതുപോലെ നികുതി അപ്പീല്‍കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി രണ്ടരവർഷത്തേക്ക് വീതം വയ്ക്കാമെന്നാണ് ധാരണ. ആദ്യ ഊഴം ലീഗിലെ വി.കെ. മുഹമ്മദലിക്ക് നൽകും. രണ്ടാമൂഴത്തിൽ കോൺഗ്രസിലെ പ്രദീപായിരിക്കും ചെയർപേഴ്സൺ. റിജില്‍ മാക്കുറ്റി, ശ്രീജ മഠത്തില്‍, സോന ജയറാം എന്നിവരെ മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരാക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ലീഗിൽ നിന്ന് പി. ഷമീമ, റിഷാം താണ എന്നിവരാകും ചെയർപേഴ്സൺമാർ.